ബെംഗളൂരു: കർണാടകയിൽ ആറ് സ്ഥലങ്ങളിൽ പരിശോധന നടത്തി ദേശീയ അന്വേഷണ ഏജൻസി. ശിവമോഗ ഐഎസ്‌ഐഎസ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടിയെന്നാണ് പുറത്തു വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് ക്രിപ്‌റ്റോ വാലറ്റുകൾ വഴി ഉൾപ്പെടെ പണം വന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മസ് മുനീർ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാൾ വഴി ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നതായും ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. നിരവധി ഡിജിറ്റൽ തെളിവുകളും എൻഐഎ കണ്ടെത്തി.
കഴിഞ്ഞ വർഷം സെപ്തംബർ മാസം അവസാനമാണ് മംഗളൂരു സ്വദേശിയായ സയിദ് യാസിൻ, മസ് മുനീർ, ശിവമോഗ സ്വദേശി ഷരീഖ് തുടങ്ങിയവരെ ശിവമോഗയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളുടെ ഐഎസ് ബന്ധം വ്യക്തമായിരുന്നു. സയിദ് യാസിൻ ഐഎസ്‌ഐഎസിന് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഐഎസ് ആശയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ പ്രചരിപ്പിച്ചിരുന്നു. യുവാക്കളെ ഭീകരവാദികളായി റിക്രൂട്ട് ചെയ്യാനായും പ്രവർത്തിച്ചു. കോളേജിലെ സഹപാഠികളായിരുന്നവരിൽ ചിലരെ സയിദ് യാസിൻ ഇത്തരത്തിൽ സ്വാധീനിച്ചുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
അതേസമയം, ഇയാൾ പാകിസ്ഥാനിൽ സന്ദർശനം നടത്തിയ രേഖകളും എൻഐഎയ്ക്ക് ലഭിച്ചു. യാസിൻ കഴിഞ്ഞിരുന്ന ശിവമോഗയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.

