മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കാനൊരുങ്ങി ശശി തരൂര്‍

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ തയ്യാറെടുക്കുകയാണ് ശശി തരൂര്‍. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. 18 നാണ് തരൂരിന്റെ പ്രസംഗം. യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിലാണ് അദ്ദേഹം പ്രസംഗിക്കുക. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘമാണ് ഒരാഴ്ചക്കാലം മാരാമണ്‍ മണല്‍പ്പുറത്ത് സുവിശേഷ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

അതേസമയം, മാര്‍ത്തോമ്മാ സഭയുടെ മെത്രാപ്പൊലീത്തക്കും എപ്പിസ്‌ക്കോപ്പാമാര്‍ക്കും പുറമേ വിദേശ പ്രാസംഗികര്‍ അടക്കമുള്ളവര്‍ ഓരോ വര്‍ഷത്തെയും യോഗങ്ങളില്‍ പ്രസംഗിക്കും. സ്റ്റാന്‍ലി ജോണ്‍സ് അടക്കമുള്ള ലോക പ്രശസ്തരായ പ്രാസംഗികര്‍ മാരാമണില്‍ വിശ്വാസികളോട് സുവിശേഷത്തിന്റെ പൊരുള്‍ പങ്കു വച്ചിട്ടുണ്ട്. ഇതര സഭകളില്‍ നിന്നുള്ള ബിഷപ്പുമാരും പ്രസംഗിക്കാറുണ്ട്.

ഇതിന് പുറമേയാണ് യുവവേദി മാരാമണ്‍ പന്തലില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സായാഹ്നത്തില്‍ നടത്തുന്നത്. ഈ സമ്മേളനത്തിന് മുഖ്യ സ്റ്റേജ് ഉപയോഗിക്കാറില്ല. സമീപമുള്ള പന്തലിനുള്ളിലാണ് യുവജന കൂട്ടായ്മയുടെ വേദി. പ്രശസ്തരായ ക്രിസ്തീയ എഴുത്തുകാര്‍, ജഡ്ജിമാര്‍, വെസ് ചാന്‍സലര്‍മാര്‍, സിവില്‍ സര്‍വീസ് പ്രമുഖര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മന്ത്രിമാര്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. അപൂര്‍വമായാണ് മറ്റ് സമുദായങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നത്. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും സുനില്‍ പി. ഇളയിടവുമാണ് അടുത്ത കാലത്ത് ഇത്തരത്തില്‍ പങ്കെടുത്തത്. ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന യുവവേദിയിലേക്കാണ് ശശി തരൂരിന് ക്ഷണം ലഭിച്ചിട്ടുള്ളത്.