കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്ന് ചൊല്ല് നമ്മളിൽ പലരും കേട്ടിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ചില കാര്യങ്ങൾ നാം നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം കൂടുന്നതിന് അനുസരിച്ചാണ് അധികവും കാഴ്ചാസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നത്. എന്നാൽ പ്രായമല്ലാത്ത പല കാരണങ്ങളും കണ്ണിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഇത്തരത്തിൽ നിത്യജീവിതത്തിൽ കണ്ണിനെ ദോഷകരമായി ബാധിച്ചേക്കാവുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഇന്ന് നമ്മളിൽ ഭൂരിഭാഗം പേരും സ്മാർട് ഫോൺ ഉപയോഗിക്കുന്നവരാണ്. സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ മിക്കവാറും സമയവും ഫോണിൽ നോക്കി സമയം ചെലവിടുന്നവരാണ്. ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ, ലാപ്ടോപ്, അതുമല്ലെങ്കിൽ ടെലിവിഷൻ തുടങ്ങിയവും ഉപയോഗിക്കാറുണ്ട്. ഇവയുടെയെല്ലാം ഉപയോഗം വലിയ രീതിയിലാണ് കണ്ണുകളെ ബാധിക്കുക. അതിനാൽ സ്ക്രീൻ സമയം നിശ്ചിതപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പുകവലിക്കുന്ന ശീലവും വലിയ രീതിയിൽ നിങ്ങളുടെ കണ്ണുകളെ ബാധിക്കാനിടയുണ്ട്. കണ്ണുകളുടെ ഒപ്റ്റിക് നർവ് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ തകരാർ, തിമിരം എന്നിങ്ങനെ പല പ്രശ്നങ്ങൾ പുകവലി മൂലം ഉണ്ടാകും.
പ്രമേഹം, രക്തസമ്മർദ്ദം (ബിപി), തൈറോയ്ഡ് തുടങ്ങി പല അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും പിന്നീട് കണ്ണുകളെയും ബാധിക്കാം. അതിനാൽ തന്നെ ഇത്തരത്തിലുള്ള അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം സമയബന്ധിതമായി ചികിത്സിക്കണം.
ആവശ്യത്തിന് ഉറങ്ങാത്തവർക്കും കണ്ണിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. ഡ്രൈ ഐ, റെഡ് ഐ, ഡാർക് സർക്കിൾസ്, കണ്ണ് വേദന, വെളിച്ചം താങ്ങാൻ സാധിക്കാത്ത ലൈറ്റ് സെൻസിറ്റിവിറ്റി എന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇതിനുദാഹരണമാണ്. ഉറക്കമില്ലായ്മക്കൊപ്പം തന്നെ വ്യായാമമില്ലായ്മയെ കണ്ണിനെ പരോക്ഷമായ രീതിയിൽ ദോഷകരമായി ബാധിക്കാം.

