കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടം നിര്‍മ്മാണം മാര്‍ച്ച് മാസത്തില്‍ തന്നെ തുടങ്ങാന്‍ കെഎംആര്‍എല്‍. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. രണ്ട് വര്‍ഷം കൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, കെഎംആര്‍എല്ലിന് മുന്നിലുള്ള പ്രധാന പ്രതിസന്ധി ഫണ്ടിംഗാണ്. 1957 കോടി രൂപയാണ് പദ്ധതിക്ക് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
11.25 കിലോമീറ്റര്‍ ദൂരത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. പതിനൊന്ന് സ്റ്റേഷനുകളാണ് ഈ ദൂരത്തില്‍ ഉണ്ടാവുക. കെഎംആര്‍എല്‍ തന്നെയാണ് ഇത്തവണ നിര്‍മ്മാണം ഏറ്റെടുക്കുന്നത്. ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത് ഡിഎംആര്‍സിയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച 1957 കോടി രൂപയില്‍ അടുത്ത രണ്ട് വര്‍ഷം കൊണ്ട് മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക.
അതേസമയം, പുതിയ നിക്ഷേപകര്‍ ആരെന്നതില്‍ വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കൊച്ചി മെട്രോ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള റോഡ് നവീകരണവും പ്രാഥമിക പ്രവര്‍ത്തികളും 80 ശതമാനം പൂര്‍ത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. പൈലിങ്ങുമായി ബന്ധപ്പെട്ട ജിയോ ടെക്‌നിക്കല്‍ സര്‍വെയും നടക്കുന്നുണ്ട്. എട്ട് മാസം കൊണ്ട് ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഇതിനുള്ള തുക അനുവദിക്കുന്നതില്‍ താമസമുണ്ടാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പ്.

