താത്ക്കാലിക ആശ്വാസം: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമർപ്പിച്ച തടസ ഹർജി തള്ളി തിരുവല്ല കോടതി

തിരുവല്ല: സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമർപ്പിച്ച തടസ ഹർജി തള്ളി കോടതി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് നൽകിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

കോടതി ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും തുടർനടപടികൾക്കായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൊച്ചി സ്വദേശിയും അഭിഭാഷകനുമായ ബൈജു നോയലാണ് ഹർജി നൽകിയത്. കേസിൽ കോടതിയിൽ നിന്ന് തീർപ്പുണ്ടാകുന്നതിന് മുമ്പ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാൻ സിപിഎം തീരുമാനിച്ചതിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നു. ഈ വിമർശനങ്ങൾക്കിടെയാണ് കഴിഞ്ഞ ദിവസം സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസംഗം നടത്തിയെന്നാണ് സജി ചെറിയാനെതിരെയുള്ള കേസ്. തിരുവല്ല കോടതിയുടെ നിർദേശപ്രകാരമാണ് സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. വിഷയത്തിൽ സജി ചെറിയാന് അനുകൂലമായി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, ഈ പോലീസ് റിപ്പോർട്ട് റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.