കലോത്സവ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മാപ്പർഹിക്കാത്ത തെറ്റ്; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കലോത്സവ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ മാപ്പർഹിക്കാത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അശ്രദ്ധ കൊണ്ട് സംഭവിച്ചാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവതരിപ്പിച്ചവരുടെ മനസ്സിന്റെ വക്രത തന്നെയാണ് വെളിവായത്. അത് തിരിച്ചറിയാൻ പറ്റാഞ്ഞതും പ്രശ്‌നം തന്നെയാണ്. ഇത്തരത്തിലൊന്ന് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സംഗീത ശിൽപത്തിൽ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ലീഗ് നേതാവ് കെപിഎ മജീദ് വ്യക്തമാക്കിയിരുന്നു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ല എന്ന് വ്യക്തമാണ്. ഇസ്ലാമോഫോബിയയുടെ നേർചിത്രമാണിത്. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും.

മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടത്. ഇത് ജാഗ്രതക്കുറവായി തള്ളിക്കളയേണ്ട വിഷയമല്ല. സർക്കാരിനും സംഘാടകർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാവില്ല. ബന്ധപ്പെട്ടവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണം.