ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കര്‍ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒറ്റരാത്രികൊണ്ട് 50,000 ജനങ്ങളെ കുടിയൊഴിപ്പിക്കാനാകില്ല. ഇത് മാനുഷികപ്രശ്നമാണ്. സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നും സുപ്രീംകോടതി അറിയിച്ചു.
ജനവാസ മേഖലയായ ഇവിടെ വീടുകള്‍ക്കു പുറമെ നാലു സര്‍ക്കാര്‍ സ്കൂളുകളും 11 സ്വകാര്യ സ്കൂളുകളും ഒരു ബാങ്കും രണ്ട് വന്‍കിട കുടിവെള്ള ടാങ്കുകളും 10 മുസ്ലിം പള്ളികളും നാല് അമ്പലങ്ങളും ഒട്ടേറെ കടകളുമുണ്ട്. ഉത്തരവ് നടപ്പാക്കിയാല്‍ ഏതാണ്ട് നാലായിരത്തിലധികം കുടുംബങ്ങളിലെ 50,000ല്‍ പരം ജനങ്ങളെയാണ് ബാധിക്കുക. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി, ജനുവരി ഒന്‍പതിനകം ഇവിടെനിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം 2022 ഡിസംബര്‍ 20ന് ‘കയ്യേറ്റക്കാര്‍ക്ക്’ നോട്ടീസ് നല്‍കിയിരുന്നു. താമസിക്കാരെ കുടിയിറക്കാന്‍ അര്‍ധസൈനിക വിഭാഗത്തെ വേണമെങ്കില്‍ ഉപയോഗിക്കാമെന്നും കോടതി അറിയിച്ചു.
എന്നാല്‍, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.എ. നസീര്‍, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് ഇതിനെ വിമര്‍ശിച്ചു. മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കി. റെയില്‍വെയും ഉത്തരാഖണ്ഡ് സര്‍ക്കാരും ഇടപെടണമെന്നും അടുത്തമാസം വീണ്ടും കേസ് കേള്‍ക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

