വി. ജോയി എംഎല്‍എ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.

അതേസമയം, ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുമെല്ലാം വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ ആനാവൂര്‍ നാഗപ്പനെതിരെ പാര്‍ട്ടിയില്‍ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു.

1965ല്‍ പെരുങ്കുഴിയില്‍ പി.കെ വിജയന്റെയും ടി.ഇന്ദിരയുടെയും മകനായാണ് വി.ജോയിയുടെ ജനനം. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന അഴൂര്‍ പഞ്ചായത്ത് പിടിച്ചെടുക്കുന്നത് ജോയിയുടെ നേതൃത്വത്തിലാണ്. അഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വര്‍ക്കല കഹാറിനെ 2386 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 2021ല്‍ കോണ്‍ഗ്രസിലെ ബിആര്‍എം ഷഫീറിനെ 17,821 വോട്ടുകള്‍ക്ക് തോല്‍പിച്ചു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയി സംസ്ഥാന കമ്മിറ്റിയിലെത്തിയത്.