ശബരിമല: ശബരിമലയിൽ മകരജ്യോതി ദർശനത്തിനായുള്ള ക്രമീകരണങ്ങൾ ആരംഭിച്ച് കേരളാ പോലീസ്. മകരവിളക്ക് ദിവസമായ 14 വരെയുള്ള വെർച്വൽ ക്യു ബുക്കിങ് പൂർത്തിയായി. മകരവിളക്ക് വരെ ദിവസവും ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തുമെന്ന് പോലീസ് വിലയിരുത്തുന്നു. തിരക്ക് ഒഴിവാക്കാൻ മണിക്കൂറിൽ ശരാശരി 4500 പേരെ പതിനെട്ടാംപടി കയറ്റി വിടാനാണ് അധികൃതർ ശ്രമിക്കുന്നത്.
വെർച്വൽ ക്യൂവിലൂടെ ഒരു ദിവസം പരമാവധി 90,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളത്. സ്പോട് ബുക്കിങ്ങിലൂടെ 10,000 പേർ സന്നിധാനത്ത് എത്തുന്നുണ്ട്. പുല്ലുമേട് വഴി ദിവസം ശരാശരി 1500 മുതൽ 2000 പേർ വരുന്നുണ്ട്. പാണ്ടിത്താവളത്തിൽ മാത്രമാണു പർണശാലകൾ കെട്ടാൻ അനുവാദം നൽകിയിട്ടുള്ളത്. ഇവിടെ 25,000ൽ കൂടുതൽ പേർ എത്തിയാൽ കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫിസർ വി എസ് അജി അറിയിച്ചത്.
അതേസമയം, തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പന്തളം വലിയകോയിക്കൽ ക്ഷേത്ര ഹാളിൽ തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ച് വൻ ജനതിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ ജനതിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളാണ് ഇത്തവണ നടത്തുക. തിരക്ക് ക്രമീകരിക്കലാണ് ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല. ഇരുനൂറ് പോലീസുകാർ അടങ്ങുന്ന സംഘം തിരുവാഭരണ ഘോഷയാത്രയിൽ സുരക്ഷയൊരുക്കും.
ഒരു മെഡിക്കൽ ടീം ആംബുലൻസ് ഘോഷയാത്രയോടൊപ്പം ഉണ്ടാവും. കുളനട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വൈകുന്നേരം ആറു വരെ ചികിത്സാ സംവിധാനമൊരുക്കും. ചെറുകോൽ പ്രാഥമികാരോഗ്യകേന്ദ്രം, കാഞ്ഞീറ്റുകര, റാന്നി പെരുനാട്, എന്നീ ആശുപത്രികളിൽ ഇരുപത്തിനാലു മണിക്കൂർ സേവനമൊരുക്കും. വടശേരിക്കര ആശുപത്രിയിൽ രാത്രി എട്ടു വരെയും ചികിത്സാ സഹായമൊരുക്കും. ഫയർഫോഴ്‌സിന്റെ പതിനൊന്നു പേരടങ്ങുന്ന ഫസ്റ്റ് റസ്‌പോൺസ് ടീം, സിവിൽ ഡിഫൻസ് അംഗങ്ങൾ ഘോഷയാത്രയോടൊപ്പം ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു.
യാതൊരു വിധ പരാതികളും ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദേവസ്വം ബോർഡ് സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ തിരുവാഭരണ ഘോഷയാത്ര നടത്തും. സമാധാനപരമായി ഘോഷയാത്ര നടത്തുന്നതിന് എല്ലാ വകുപ്പുകളുടേയും സഹകരണം ഉണ്ടാവണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

