കൊച്ചി: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിന് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തൽ. ലാബ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് അരവണ പ്രസാദ നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു പരിശോധന നടന്നത്. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്‌പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. ലാബ് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റിപ്പോർട്ടിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നതെന്നും ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ശബരിമലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് പമ്പയിലെ ലാബിലെ സ്റ്റാൻഡേർഡ്സ് വെച്ചാണ്. വിഷയത്തിൽ കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

