കലോത്സവ വേദികളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ല; മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കലോത്സവം നടക്കുകയാണ്. മത്സരാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കാണികളും ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇവിടെയെത്തുന്നത്. എന്നാൽ, മാസ്‌കും സാനിറ്റൈസറും ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ ഇവിടെയാരും സ്വീകരിക്കുന്നില്ല. ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ തീവ്രകോവിഡ് വ്യാപനത്തിന് കാരണമായ എക്സ്.ബി.ബി.-1.5, ബി.എഫ്.7 തുടങ്ങിയ പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കലോത്സവ വേദിയിൽ മാസ്‌ക് നിർബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇവയൊന്നും കണക്കിലെടുക്കാതെ കോവിഡ് പ്രതിരോധ നടപടികൾ കാറ്റിൽ പറത്തി സ്വന്തം ഇഷ്ടാനുസരണം എല്ലാവരും നടക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

മാസ്‌കും സാനിറ്റൈസറും നിർബന്ധമായി ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദ്ദേശം. BA.5 എന്ന വകഭേദം ശ്വാസകോശത്തേക്കാൾ തലച്ചോറിനെയാണ് ബാധിക്കുന്നത് എന്നതുസംബന്ധിച്ച പഠനങ്ങളൊക്കെ ചൈനയിൽ നിന്ന് പുറത്തുവരുന്നുണ്ട് . അത്തരം സാഹചര്യത്തിൽ മാസ്‌കും സാനിറ്റൈസറുമൊക്കെ കർശനമാക്കേണ്ടതാണെന്നും കലോത്സവം നടത്തിപ്പുകാർ തന്നെയാണ് അതിനുള്ള മുൻഗണന എടുക്കേണ്ടതെന്നും ആരോഗ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാമാണ് ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു.