നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയാക്കാൻ നിർദ്ദേശം; ചർച്ചയ്ക്കായി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയാക്കാൻ നിർദ്ദേശം. ഇക്കാര്യത്തിൽ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന് ഇതുസംബന്ധിച്ച് ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, ഒരു വർഷത്തിനകം നിയമനം സ്വീകരിക്കാൻ തയാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും പദ്ധതിയിടുന്നത്.

മറ്റുള്ളവർക്ക് 10 ലക്ഷം രൂപ നൽകാനാണ് സെക്രട്ടറിതല കമ്മിറ്റി ശുപാർശ നൽകിയിട്ടുള്ളത്. ജില്ലകളിൽ വിവിധ വകുപ്പുകളിലെ തസ്തികകളിൽ ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താവൂവെന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

ആശ്രിത നിയമനം നൽകാൻ നിലവിലുള്ള കാലതാമസം ഇനിയും വർദ്ധിക്കുമെന്നാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ഭാവിയിൽ എല്ലാ അപേക്ഷകർക്കും നിയമനം നൽകാൻ കഴിയാത്ത സ്ഥിതി ഒഴിവാക്കാൻ വേണ്ടിയാണ് നിയമനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.