മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണം; എന്തിനാണ് ഇത്ര ധാർഷ്ട്യം കാട്ടുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കണ്ണൂർ എസ് എൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിൽ ശ്രീനാരായണ കീർത്തനത്തേയും ഗുരുവിനേയും അപമാനിക്കുംവിധം പെരുമാറിയ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് കെ സുധാകരൻ പറഞ്ഞു. ശ്രീനാരായണ വേദികളിൽ പതിവായി ഉപയോഗിക്കുന്ന ഗുരുസ്തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്‌വഴക്കം പരസ്യമായി തെറ്റിക്കാൻ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാർഷ്ട്യം കാട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണ് താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത്. വർഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷൻമാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാക്കിയ വ്യക്തിയാണ്. ബിഷപ്പിനെതിരായ നികൃഷ്ടജീവി പ്രയോഗം, പ്രവാചകന്റെ തിരുകേശ വിവാദം, ശബരിമലയിലെ ആചാര ലംഘനം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന യാഥാർഥ്യം മറന്ന് കപട വൈരുദ്ധ്യാത്മിക ഭൗതികവാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെപ്പോലെയാണ് പിണറായി വിജയൻ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഗുരുദേവൻ എല്ലാവരെയും സ്നേഹിക്കാനും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിപ്പിച്ച നവോത്ഥാന നായകനാണ്. എന്നാൽ, സിപിഎമ്മും ഇടതുസർക്കാരും പ്രവർത്തിക്കുന്നത് ഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധമായാണ്. മതത്തിന് എതിരല്ല സിപിഎമ്മെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോൾ മതാചാരങ്ങളെ പരസ്യമായി പൊതുവേദിയിൽ അപമാനിക്കുകയാണ് അവരുടെ മുഖ്യമന്ത്രിയെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും എപ്പോഴും രണ്ടാണെന്ന് കാലങ്ങളായി ഓരോ കാര്യങ്ങളിലൂടെ അവർ തെളിയിച്ചിട്ടുണ്ട്. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെടുക്കുന്നതും അത്തരം നിലപാടിന്റെ ഭാഗമാണ്. വൈവിധ്യമുള്ള സംസ്‌കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാർഹമാണെന്നും കെപിസിസി അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.