കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്‌സ് മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സ് രശ്മിയാണ് മരിച്ചത്. 33 വയസായിരുന്നു. കോട്ടയം കിളിരൂർ സ്വദേശിനിയായ രശ്മി മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സാണ്.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രശ്മി അൽഫാം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് രശ്മിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില വഷളായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ച ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം ഇവരെ ഡയാലിസിസിനും വിധേയമാക്കിയിരുന്നു.
നിലവിൽ രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ 14 വയസുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളേജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

