‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചു; സിപിഐ നേതാവിനെതിരെ സൈബര്‍ ആക്രമണവും സ്ഥാപനത്തിനുനേരെ തീവെപ്പും

എരമംഗലം: ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബര്‍ ആക്രമണം.

സി.പി.ഐ. പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് വെള്ളിയാഴ്ച സിനിമ കണ്ടിറങ്ങിയശേഷമാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇതിനെതിരെ സി.പി.എം അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവരികയും തുടര്‍ന്ന് സി.പി.എം അനുഭാവികളും സി.പി.ഐ അനുഭാവികളും പരസ്പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോര്‍ക്കുകയായിരുന്നു. പിന്നീട് പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണമുണ്ടാവുകയും ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ പെരുമ്പടപ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക്ക് മാധ്യമ കൂട്ടായ്മയും വന്നേരിനാട് പ്രസ് ഫോറവും ആവശ്യപ്പെട്ടു.