കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി ആശങ്കാജനകം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി ആശങ്കാജകമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധനമന്ത്രിയുടെ വാക്കുകള്‍

‘കേന്ദ്ര സാമ്ബത്തിക നയങ്ങള്‍ സംസ്ഥാനത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പലതിലും നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എന്നിട്ടും ആവശ്യമുള്ള ഒരു കാര്യത്തിലും തടസ്സം വന്നിട്ടില്ല. നല്ലതുപോലെ ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പണം ചെലവാക്കേണ്ട ഒന്നിലും ചെലവിടാതിരുന്നിട്ടില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വരുന്നത് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നടപടികളാണ്. അടുത്ത സാമ്ബത്തികവര്‍ഷത്തെ ബജറ്റിന്റെ തയ്യാറെടുപ്പ് പുരോഗമിക്കുന്നു. ബജറ്റിന് മുന്നോടിയായി ചര്‍ച്ചകള്‍ നടക്കുന്നു. ബജറ്റ് അവതരിപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. സംസ്ഥാനം ആവശ്യപ്പെട്ട പല കാര്യങ്ങളും കേന്ദ്രം അനുവദിക്കാത്ത വിഷമകരമായ സാഹചര്യമുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം തുടരാത്തതും അര്‍ഹമായ നികുതി വിഹിതം നല്‍കാത്തതുമടക്കം പ്രതിസന്ധിയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കും സമാനസ്ഥിതിയുണ്ട്. നോട്ട് നിരോധ വിഷയത്തില്‍ സുപ്രീംകോടതി നോക്കിയത് നിയമപരമായ കാര്യങ്ങളാണ്. നോട്ട് നിരോധനം മൂലം വ്യവസായ-കാര്‍ഷിക-സേവന രംഗത്ത് ഉണ്ടാക്കിയ തകര്‍ച്ചക്ക് പരിഹാരമുണ്ടായിട്ടില്ല. അത് സമ്ബദ്വ്യവസ്ഥയെ ബാധിച്ചു. നോട്ട് നിരോധനം വ്യവസായ സമൂഹിക സാമ്ബത്തിക രംഗത്ത് ഉണ്ടാക്കിയ പ്രതിഫലനം പരിഗണിച്ച് ഭാവിയില്‍ അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്രം ശ്രദ്ധിക്കുമെന്ന് കരുതുന്നു. നോട്ട് നിരോധനംവഴി എല്ലാ പ്രശ്നവും പരിഹരിക്കാനായില്ല. പിന്‍വലിച്ച 99 ശതമാനം നോട്ടും തിരിച്ചുവന്നു. കേരളത്തില്‍ ഉള്‍പ്പെടെ നോട്ടുമാറാന്‍ ക്യൂ നിന്ന് എത്രപേരാണ് മരിച്ചത്. നിരോധനം അന്നുണ്ടാക്കിയ ആശങ്ക കൂടി പരിഗണിച്ചുവേണം വിലയിരുത്താന്‍.’