കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് കേരളം. നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് സലീം, അബ്ദുറഹീം, വിശാഖ് മോഹനന്, ക്യാപ്റ്റന്‍ വിഗ്നേഷ് എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ പതിനഞ്ചാം മിനിറ്റില്‍ നേടിയ ഗോളിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. മൂന്ന് മിനിറ്റിനകം മുഹമ്മദ് സലീം കേരളത്തിനായി വീണ്ടും വലകുലുക്കി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ അബ്ദുറഹീം കേരളത്തിനായി മൂന്നാം ഗോള്‍ കണ്ടെത്തി.
മത്സരത്തിന്റെ 52 ആം മിനിറ്റില്‍ കേരളം വീണ്ടും ലീഡുയര്‍ത്തി. ഇക്കുറി വിശാഖ് മോഹനന്റെ ഊഴമായിരുന്നു. ഒടുവില്‍ 62 ആം മിനിറ്റില്‍ ക്യാപ്റ്റന്‍ വിഘ്നേഷിലൂടെ കേരളം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തില്‍ ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് കേരളം പാഴാക്കിയത്. കഴിഞ്ഞ കളിയില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം മൂന്നാം മല്‍സരത്തിനിറങ്ങിയത്. വി.മിഥുന് പകരം എം വിഘ്നേശാണ് ടീമിനെ നയിച്ചത്.

