ന്യൂഡല്‍ഹി: പുതുവത്സരാഘോഷത്തിനിടെ 23കാരിയെ കാറിടിച്ച് വീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ചത് ഞെട്ടിക്കുന്ന സംഭവമെന്നും നാണക്കേടുകൊണ്ട് തലകുനിക്കേണ്ട അവസ്ഥയാണെന്നും പ്രതികരിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന.
‘ഇന്ന് രാവിലെ സുല്‍ത്താന്‍പുരിയില്‍ മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ് നടന്നത്. നാണക്കേടുകൊണ്ട് എന്റെ തല കുനിഞ്ഞുപോവുകയാണ്. പ്രതികളുടെ പൈശാചികമായ പ്രവൃത്തി ഞെട്ടിക്കുന്നതാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.’- സക്‌സേന ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ സഞ്ചരിച്ച കാര്‍ യുവതി സഞ്ചരിച്ച ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് സ്‌കൂട്ടറില്‍ നിന്ന് വീണ യുവതിയെ കിലോമീറ്ററുകളോളമാണ് വലിച്ചിഴച്ചു കൊണ്ട് പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കാറുമായി വസ്ത്രം കുരുങ്ങിയതിനാല്‍ എട്ട് കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കുകയായിരുന്നു. യുവതിയുടെ മൃതദേഹവുമായി സഞ്ചരിക്കുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധിപേര്‍ വാഹനത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയ ശേഷം വിവസ്ത്ര ആയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മദ്യലഹരിയില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

