മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണം; ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവച്ചത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ നിർദേശിച്ചിരിക്കുന്നത്.

ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ സബ് കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. വി എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. എന്നാൽ, ഈ വിധിക്കെതിരെ വി എസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഈ വിധി പകർപ്പിലാണ് വി എസിന്റെ കോടതി ചെലവും ഉമ്മൻ ചാണ്ടി നൽകണമെന്ന് കോടതി ഉത്തരവിട്ടത്.

2013 ഓഗസ്റ്റിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരെയുള്ള വിഎസിന്റെ ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സോളാർ കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നുമായിരുന്നു വിഎസ് കുറ്റപ്പെടുത്തിയത്. ഈ പരാമർശത്തിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. അന്യായം നൽകിയ ദിവസം മുതൽ 6 ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നായിരുന്നു പ്രിൻസിപ്പൽ സബ് ജഡ്ജി വിധിച്ചത്. പിന്നീട് ഈ ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.