ന്യൂഡല്‍ഹി: എക്‌സ്.ബി.ബി.-1.5 എന്ന ഒമിക്രോണ്‍ സങ്കരയിന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് (ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) അറിയിച്ചു. ഒമിക്രോണിന്റെതന്നെ ബി.ജെ.1, ബി.എ.2.75 ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ളതാണ് എക്‌സ്.ബി.ബി.
സിങ്കപ്പൂരില്‍ ഓഗസ്റ്റിലാണ് ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളര്‍ച്ച, തലവേദന, വയറിളക്കം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. എക്‌സ്.ബി.ബി.-1, എക്‌സ്.ബി.ബി.-1.5 എന്നിവയാണ് ഈ വൈറസിന്റെ ഉപവകഭേദങ്ങള്‍. ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും അപകടകാരിയായ കോവിഡ് വകഭേദം എക്‌സ്.ബി.ബി.യാണെന്ന് മിനസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധിവിദഗ്ധനായ ഡോ. മൈക്കല്‍ ഓസ്റ്റര്‍ഹോം പറഞ്ഞു. അമേരിക്കയിലെ പുതിയ 41 ശതമാനം ഒമിക്രോണ്‍ കേസുകളും എക്‌സ്.ബി.ബി.-1.5 കാരണമാണെന്നും അതിനാല്‍ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, എക്‌സ്.ബി.ബി മഹാരാഷ്ട്രയിലുള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുനൂറിലേറെ രോഗികളും രാജ്യത്തുണ്ട്. പുതുവത്സരം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

