ചൈന: ജനങ്ങൾക്ക് പുതുവർഷാശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്. പ്രത്യാശയുടെ വെളിച്ചം നമുക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ എടുത്തു മാറ്റിയതിന് ശേഷം ചൈനയിൽ രോഗബാധിതരുടെ എണ്ണത്തിൽ വിസ്‌ഫോടനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായമായ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. അതുപോലെ കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിൽ ശ്മശാനങ്ങളിലും പ്രതിസന്ധി ഉണ്ടായി. ‘കോവിഡ് പ്രതിരോധവും അതിന്റെ നിയന്ത്രണവും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഈ സാഹചര്യത്തിൽ എല്ലാവരും ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, 7000 ത്തിലധികം പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രോഗികളുടെ എണ്ണം ഉയരുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് ചൈനയുടെ തീരുമാനം. മൂന്നു വർഷത്തിനു ശേഷമാണ് ചൈന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങുന്നത്. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോലിക്കും പഠനത്തിനും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനുമായി എത്തുന്നവർക്കുവേണ്ടി ചൈന അതിർത്തികൾ തുറക്കുമെന്നും ചൈനീസ് പൗരന്മാരെ വിദേശയാത്ര നടത്താനും അനുവദിക്കുമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ജനുവരി എട്ടു മുതലായിരിക്കും നിയന്ത്രണങ്ങൾ ഒഴിവാക്കുക. ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ആശുപത്രികൾ നിറഞ്ഞുവെന്നും പ്രായംചെന്ന നിരവധിപേർ മരിക്കുന്നുവെന്നുമാണ് ചൈനയിൽ നിന്ന് പുറത്തുവരുന്ന വിവരം

