പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല; പുതിയ റിലീസ് തീയതി അറിയിക്കുമെന്ന് സിദ്ധാര്‍ഥ് ഭരതന്‍

ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ജിന്ന്’ റിലീസ് ചെയ്യാതിരുന്നത് ഒഴിവാക്കാനാകാത്ത ചില സാങ്കേതിക തടസങ്ങളാലാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. പ്രശ്‌നം പരിഹരിച്ച ശേഷം പുതിയ റിലീസ് തീയതി ഉടന്‍ അറിയിക്കുമെന്നും സിദ്ധാര്‍ത്ഥ് ഫേസ്ബുക്കില്‍ അറിയിച്ചു.

‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാന്‍ കഴിയാത്ത ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ജിന്ന് എന്ന ചിത്രത്തിന്റെ റിലീസ് ഇന്നുണ്ടായില്ല. പ്രശ്നം പരിഹരിച്ച് സിനിമ ഇറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. നിങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പുതിയ റിലീസ് തീയതി വൈകാതെ അറിയിക്കുന്നതായിരിക്കും’- സിദ്ധാര്‍ഥ് കുറിച്ചു.

ചന്ദ്രേട്ടന്‍ എവിടെയാ’, ‘വര്‍ണ്യത്തില്‍ ആശങ്ക’, ‘ചതുരം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിന്ന്. നാട്ടിലെ ഒരു തീപ്പെട്ടിക്കമ്ബനിയില്‍ ജോലി നോക്കുന്ന ലാലപ്പന്‍ എന്ന യുവാവിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. സൗബിന്‍ ഷാഹിറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, ജിലു ജോസഫ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.