കൊൽക്കത്ത: സ്വാമി വിവേകാനന്ദന്റെ സന്ദേശമാണ് താൻ ഉൾക്കൊള്ളുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മറ്റുള്ളവരോടുള്ള ശത്രുത ഹിന്ദു രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രിയപ്പെട്ട ഹിന്ദു ആചാര്യനായ സ്വാമി വിവേകാനന്ദന്റെ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ പല വലതുപക്ഷ രാഷ്ട്രീയക്കാരും അതിനെതിരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊൽക്കത്ത സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വാർത്താ ഏജൻസിയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ചില ബിജെപി നേതാക്കൾ സ്വാമി വിവേകാനന്ദന്റെ പാത പിന്തുടരുന്നുവെന്ന് കാണിക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ തെരഞ്ഞെടുത്ത് ഉദ്ധരിക്കുന്നത് കാണാം. അദ്ദേഹം സംസാരിക്കുന്നത് എല്ലാ വ്യക്തികളും ഉൾക്കൊള്ളുന്ന വിശ്വാസത്തെക്കുറിച്ചാണെന്ന് വിവേകാനന്ദന്റെ സന്ദേശം മുഴുവൻ വായിച്ചാൽ എല്ലാവർക്കും മനസ്സിലാകും. വിവേകാനന്ദന്റെ ദർശനം അസഹിഷ്ണുതയുള്ള ഒരു ഹിന്ദുമതമല്ല. രാമകൃഷ്ണ മിഷന്റെ സ്ഥാപകൻ സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനം ഈ വർഷം ആദ്യം ആഘോഷിച്ചിരുന്നു. ഹിന്ദുമതത്തിന്റെ പേരിൽ ആളുകൾ അവരുടെ വിശ്വാസം ആയുധമാക്കുകയാണ്. അത് കണ്ട് താൻ ഞെട്ടിപ്പോയിട്ടുണ്ട്. തങ്ങളുടെ വിശ്വാസത്തെ മറ്റ് മതങ്ങളിലുള്ളവർക്കെതിരെ ആയുധമായി മുദ്രകുത്താൻ കഴിയുന്നതല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

