മോക്ഡ്രില്ലിനിടെ മരണം: വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

പത്തനംതിട്ട: ദുരന്തനിവാരണ അതോറിറ്റി നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരണപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

സംഭവത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപം മോക്ഡ്രിൽ നടത്തുന്നതിനിടെ കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശി ബിനു സോമൻ മുങ്ങി മരിച്ചത്.

മല്ലപ്പള്ളി തഹസിൽദാർക്കായിരുന്നു പരിപാടിയുടെ ചുമതല. പഞ്ചായത്ത് മെമ്പർമാരുടെ നിർദേശ പ്രകാരമാണ് ബിനു സോമൻ ഉൾപ്പെടെ നാല് പേർ വെള്ളത്തിലിറങ്ങിയത്. എൻഡിആർഎഫ് ഉദ്യോഗസ്ഥരുടേയും ഫയർഫോഴ്‌സുകാരുടെയും മുന്നിൽവെച്ചായിരുന്നു ബിനു സോമൻ മുങ്ങി താഴ്ന്നത്. 20 മിനിറ്റിൽ അധികമാണ് ബിനു വെള്ളത്തിൽ കിടന്നത്. ബിനുവിനെ കരയ്ക്ക് എത്തിക്കാൻ ഉപയോഗിച്ച ഡിങ്കി ബോട്ടിന്റെ മോട്ടോർ എഞ്ചിൻ കൃത്യ സമയത്ത് പ്രവർത്തിച്ചില്ല. പലതവണ എഞ്ചിൻ ഓഫ് ആയി. നാട്ടുകാർ ബോട്ടിൽ കയർ കെട്ടി വലിച്ചാണ് കരക്കടുപ്പിച്ചത്.