തിരുവനന്തപുരം: പുതുവർഷം ആഘോഷിക്കാൻ തയ്യാറെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. മതിമറന്ന് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ബോധവാരന്മാരാക്കാനായി ലഘുചിത്രവും കേരളാ പോലീസ് പങ്കുവെച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ഐ പി എസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പോയ വർഷങ്ങളിൽ ഉണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളും വീഡിയോയിലുണ്്. ആഘോഷങ്ങളാകാം എന്നാൽ അതിരു വിടരുതെന്ന സന്ദേശമാണ് വീഡിയോ മുന്നോട്ടുവെയ്ക്കുന്നത്. അതിരുകടന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാനതെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കും.
ആഘോഷങ്ങളോടനുബന്ധിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കർശനമാക്കും. ആഘോഷവേളകളിൽ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യതയുള്ളതിനാൽ അതിനെതിരെ ജാഗ്രത പുലർത്താനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.

