എന്താണ് ന്യൂ ഇന്ത്യ; വിശദീകരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇന്ത്യയുടെ ശോഭനമായ ഭാവിയ്ക്കായി എല്ലാ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം ചേർത്ത് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജാതി, മത, വർഗ്ഗ, വർണ്ണ, ദേശ ഭേദമെന്യേ എല്ലാ ഇന്ത്യക്കാരുടെയും അഭിവൃദ്ധി സാധ്യമാകണമെങ്കിൽ തുല്യ അവസരങ്ങൾ പ്രദാനം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോരങ്ങാട് അൽഫോൻസ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന മലബാർ യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കാത്തലിക് യൂത്ത് മൂവ്മെന്റിലെ 5000-ത്തിലധികം അംഗങ്ങളുടെ പങ്കാളിത്തത്തിന് സംഗമം സാക്ഷ്യം വഹിച്ചു.

കേരളത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ക്രിസ്ത്യൻ സമൂഹം നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. 2047-ഓടെ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ – ഇന്ത്യയുടെ അമൃതകാലഘട്ടത്തിൽ സുപ്രധാന പങ്കാളികളാണ് ക്രിസ്ത്യൻ സമൂഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദിവസത്തെ സന്ദർശനത്തിനായി കോഴിക്കോട് എത്തിയ മന്ത്രി കേരളത്തിലെ 20 കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിച്ചിരുന്നു.

അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ല. രാജ്യത്തെ സാഹചര്യങ്ങൾ മാറുകയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയാണ്. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിനോട് പൊരുതി ജയിച്ചത് നമ്മൾ ആഘോഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂ ഇന്ത്യ എന്ന പ്രയോഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. താൻ നേരത്തെ പറഞ്ഞത് പോലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം നമ്മൾ ആഘോഷിക്കുകയാണ്. നിങ്ങൾക്ക് ഒരുപക്ഷേ ഇത് ചോദിച്ചാൽ ഉത്തരം പറയാൻ കഴിഞ്ഞു എന്ന് വരില്ല. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ അത് കഴിഞ്ഞേക്കാം. എന്തായിരുന്നു ഇന്ത്യയെക്കുറിച്ചുള്ള നറേറ്റീവ്. ഇന്ത്യയെക്കുറിച്ച് അന്താരാഷ്ട്ര ഫോറങ്ങളിലും മറ്റ് രാജ്യങ്ങളിലും എന്താണ് സംസാരിച്ചുകൊണ്ടിരുന്നത് എന്ന് ഓർമ്മിക്കണം. ഇപ്പോൾ ഉണ്ടായ വ്യത്യാസം ഏവർക്കും മനസിലാകും. ഇതാണ് കാതലായ വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.