ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണം; പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം ഉപയോഗപ്പെടുത്തിയുള്ള മാദ്ധ്യമ സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിലവിൽ അരങ്ങേറുന്ന രാഷ്ട്രീയ വികാസങ്ങളോടുള്ള സിപിഎം നിലപാട് വ്യക്തമാക്കി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായി ഉയർന്ന സാമ്പത്തിക ആരോപണം പാർട്ടിക്കുള്ളിലെ വിമർശനത്തിനും സ്വയം വിമർശനത്തിനുമുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള മാദ്ധ്യമ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിമർശനങ്ങളും തെറ്റുതിരുത്തലുകളും പാർട്ടിക്കുള്ളിൽ ഫലപ്രദമായി നടക്കുമെന്നും മാദ്ധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചർച്ച നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ട് കമ്യൂണിസ്റ്റുകാരേയും അക്രമിച്ചുകൊണ്ടിരിക്കുന്ന ജീർണതയെ ഫലപ്രദമായി പ്രതിരോധിക്കണം. ഓരോ വ്യക്തിയും സമൂഹത്തിന്റെ ഭാഗമായിട്ട് നിൽക്കുമ്പോൾ ഉയർത്തിപ്പിടിക്കേണ്ട കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിക്കാനാകണം. പാർട്ടിക്ക് ഗൗരവമായ ചർച്ചകളും വിമർശനങ്ങളും സ്വയം വിമർശനങ്ങളും എല്ലാം നടത്തിക്കൊണ്ട് മാത്രമേ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തി മാദ്ധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുകയും അവർ തന്നെ അതിനെ കുറിച്ച് ചർച്ച ചെയ്യുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായവും പറയാനില്ല. സംഘടനാപരമായ തെറ്റുതിരുത്തലിന് ചർച്ചകൾ നടത്തും. ഫലപ്രദമായ തീരുമാനങ്ങളും ഇതിലുണ്ടാകും. മാദ്ധ്യമങ്ങളോട് പറയാനുള്ള കാര്യങ്ങൾ അവരോട് പറയും. അനാവശ്യമായി പാർട്ടിയേയും കേഡർമാരേയും നേതാക്കളേയും ഏതെങ്കിലും രീതിയിൽ കൊത്തിവലിക്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ട് ചർച്ച ചെയ്യുന്ന രീതിയാണുള്ളത്. ഏതെങ്കിലും ഒരു യോഗത്തിലോ സന്ദർഭത്തിലോ കൈകാര്യം ചെയ്യേണ്ട ഒന്നല്ല തെറ്റുതിരുത്തൽ പ്രക്രിയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.