തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ തല്‍ക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. റിസോര്‍ട്ട് വിവാദത്തില്‍ ഭാര്യയ്ക്കും മകനുമുള്ള ഷെയറിനെക്കുറിച്ചും യോഗത്തില്‍ ജയരാജന്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് സൂചന. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇ.പി. ജയരാജന്‍ തയ്യാറായില്ല.
അതേസമയം, രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ.പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പി ജയരാജന്‍ ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ‘വൈദേകം’ ആയുര്‍വേദ റിസോര്‍ട്ടില്‍ ഇ.പി ജയരാജന്റെ കുടുംബത്തിനുള്ള സാമ്ബത്തിക പങ്കാളിത്തം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എന്നാല്‍, പി ജയരാജന്‍ ആരോപണം എഴുതി നല്‍കിയോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതിനിടെ, മുന്‍വ്യവസായ മന്ത്രിയെന്ന നിലയില്‍ സ്വാധീനം ഉപയോഗിച്ച് ഇ.പി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിനു പരാതി നല്‍കി. മുന്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതിവേണം. അതിനാല്‍, പരാതിയില്‍ തുടര്‍നടപടിക്കായി വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഫയല്‍ ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്. റിസോര്‍ട്ട് വിവാദവും കള്ളപ്പണം വെളുപ്പിക്കലും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആന്തൂര്‍ നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയുണ്ട്.

