ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മൃദുഹിന്ദുത്വ പരാമർശത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ കെ ആന്റണിയുടെ പ്രസ്താവനയെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറിതൊട്ടാലൊന്നും ആരും ബിജെപി ആകില്ല. ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലൊട്ടാകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി അക്കാര്യം പറഞ്ഞത്. അത് ശരിയായ നിലപാടാണെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ്. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബിജെപി ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബിജെപി ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബിജെപിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ കെ ആന്റണി എതിർത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് സാമുദായിക സംഘടനയല്ല. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ നിലപാട് സ്വീകരിക്കാൻ ആവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കളാരെങ്കിലും അമ്പലത്തിൽപോയാൽ, നെറ്റിയിൽ തിലകംചാർത്തിയാൽ, ചന്ദനക്കുറിയിട്ടാൽ ഉടൻതന്നെ അവർ മൃദുഹിന്ദുത്വം സ്വീകരിക്കുന്നവരെന്ന സമീപനമുണ്ടാകുന്നുണ്ട്. ഈ സമീപനം മോദിയുടെ ഭരണം വീണ്ടും വരാനേ സഹായിക്കൂവെന്നായിരുന്നു എ കെ ആന്റണിയുടെ പരാമർശം.

