അന്യസംസ്ഥാനങ്ങളിൽ കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനം; നടപടികൾ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ നടപടികൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരക്കാർ താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചർച്ച നടത്താൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 67.4 ശതമാനമായിരുന്നു 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം.

സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റിയുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര കുടിയേറ്റക്കാരുടെ നിർവചനം, പെരുമാറ്റച്ചട്ടം നടപ്പാക്കുക, വോട്ടിംഗിൽ സ്വകാര്യത ഉറപ്പാക്കുക, വോട്ടർമാരെ തിരിച്ചറിയുക, വോട്ടെണ്ണൽ തുടങ്ങിയ വെല്ലുവിളികൾ നേരിടാനുള്ള നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.