തന്റെ ജീവിതയാത്രയെ കുറിച്ചും ബിസിനസ് വളര്‍ച്ചയെ കുറിച്ചും തുറന്നുപറഞ്ഞ് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി. ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദാനിയുടെ വെളിപ്പെടുത്തല്‍.
‘രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കയറ്റുമതി ഇറക്കുമതി നയം ഉദാരവല്‍ക്കരിക്കുകയും ആദ്യമായി നിരവധി ഇനങ്ങള്‍ക്ക് ഓപ്പണ്‍ ലൈസന്‍സ് നയം കൊണ്ടുവരികയും ചെയ്ത സമയത്താണ് ഞാന്‍ ബിസിനസ് തുടങ്ങുന്നത്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗും 1991ല്‍ കൊണ്ടുവന്ന വ്യാപകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തന്റെ സംരംഭകത്വയാത്രയുടെ രണ്ടാം ഘട്ടത്തിലായിരുന്നു. മറ്റ് പല സംരംഭകരെയും പോലെ ഞാനും ആ പരിഷ്‌കാരങ്ങളുടെ ഗുണഭോക്താവായിരുന്നു. 1995ല്‍ കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴായിരുന്നു ബിസിനസ് ജീവിത്തിലെ മൂന്നാമത്തെ വഴിത്തിരിവ്. അതുവരെ ഗുജറാത്തിലെ വികസനങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു. അദ്ദേഹം ദീര്‍ഘവീക്ഷണമുള്ളയാളായിരുന്നു. തീരദേശ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതാണ് എന്നെ മുന്ദ്രയിലേക്കെത്തിച്ചതും ഞങ്ങളുടെ ആദ്യത്തെ തുറമുഖ നിര്‍മാണത്തിലേക്കെത്തിച്ചതും. നാലാം ഘട്ടം 2011ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അന്നദ്ദേഹം ഗുജറാത്ത് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അവയെല്ലാംനിരവധി സാമൂഹിക, സാമ്പത്തിക മാറ്റങ്ങള്‍ക്കും ഗുജറാത്തില്‍ വഴിവച്ചു. മോദിയുടെ സഹായത്തോടെയായിരുന്നു തന്റെ വളര്‍ച്ചയെന്ന ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എന്റെ പ്രൊഫഷണല്‍ വിജയം ഏതെങ്കിലും ഒരു നേതാവിന്റെ പേരില്ല. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലയളവില്‍ നിരവധി നേതാക്കളും സര്‍ക്കാരുകളും ആരംഭിച്ച നയപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങളാണ് എന്റെ വിജയത്തിന് പിന്നില്‍’- അദാനി പറഞ്ഞു.

