ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് കമ്പനിയുടെ കഫ് സിറപ്പിനെതിരെ ഗുരുതര ആരോപണവുമായി ഉസ്ബാക്കിസ്ഥാനും. രാജ്യത്ത് 18 കുട്ടികൾ നോയിഡയിലെ മരിയോൺ ബയോടെക് ലിമിറ്റഡ് നിർമ്മിച്ച ഡോക്-1 മാക്സ് സിറപ്പ് എന്ന മരുന്ന് കഴിച്ച് ദിവസങ്ങൾക്കകം മരണപ്പെട്ടെന്നാണ് ആരോപണം. ഉസ്ബെക്ക് ആരോഗ്യ മന്ത്രാലയമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. 2012ൽ ഉസ്ബെക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണിത്.
കടുത്ത ശ്വാസതടസമടക്കം ബുദ്ധിമുട്ട് നേരിട്ട 21 കുട്ടികളിൽ മരുന്ന് സ്വീകരിച്ച 18 പേർ മരിച്ചുവെന്നാണ് ആരോപണം. മരിക്കുന്നതിന് രണ്ട് മുതൽ ഏഴ് ദിവസങ്ങൾക്കകം ഈ മരുന്ന് കുട്ടികൾ ദിവസവും മൂന്ന് മുതൽ നാല് തവണ വരെ കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. 2.5 മുതൽ 5 മില്ലി വരെ ഡോസാണ് കുട്ടികൾ കഴിച്ചത്. ഇത് നിശ്ചിത അളവിലും കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പാരസെറ്റമോളാണ് പനി ബാധിച്ചവർക്ക് സാധാരണ നൽകുന്ന മരുന്ന്. എന്നാൽ ഫാർമസിക്കാരുടെ നിർദ്ദേശമനുസരിച്ച് കുട്ടികളുടെ രക്ഷകർത്താക്കൾ ഈ മരുന്ന് വാങ്ങി ഉപയോഗിക്കുകയായിരുന്നുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ കഫ്‌സിറപ്പിൽ എതിലീൻ ഗ്‌ളൈസോൾ എന്ന വസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറികളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതൊരു വിഷവസ്തുവാണെന്നും വെറും രണ്ട് ഗ്രാം കൊണ്ട് രോഗിയ്ക്ക് ഛർദ്ദി, ക്ഷീണം, ശ്വസന, വൃക്ക പ്രശ്നങ്ങൾ ഉണ്ടാകാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് വൃക്ക തകരാറിലായി നിരവധി കുട്ടികൾ മരണപ്പെട്ടതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

