പുതിയതായി പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതിൽ നന്ദി; പരിഹാസവുമായി തുഷാർ ഗാന്ധി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രമൊഴിവാക്കിയ നടപടിയിൽ പ്രതികരണവുമായി പ്രപൗത്രൻ തുഷാർ ഗാന്ധി. നടപടിയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. പുതിയതായി പുറത്തിറക്കിയ ഡിജിറ്റൽ കറൻസിയിൽ ബാപ്പുവിന്റെ ചിത്രം ഒഴിവാക്കിയതിൽ റിസർവ് ബാങ്കിനും കേന്ദ്രസർക്കാറിനും നന്ദി. കറൻസി നോട്ടുകളിൽ കൂടി അദ്ദേഹത്തിന്റെ ചിത്രം ഒഴിവാക്കി തന്നാൽ ഉപകാരമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ ആദ്യം ആർബിഐ ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ CBDC പുറത്തിറക്കിയിരുന്നു. മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമാകും ഈ ഘട്ടത്തിൽ ഇ റുപ്പി ലഭ്യമാകുക. ഇടപാടുകാരും വിൽപ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും ഇ റുപ്പി പരീക്ഷിക്കും. ആദ്യ ഘട്ടത്തിൽ എസ്ബിഐ അടക്കമുളള നാല് ബാങ്കുകളെയും ആർ ബിഐ സഹകരിക്കാനായി തെരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ആകും ഇ റുപ്പി പുറത്തിറക്കുക. ഡിജിറ്റൽ വാലറ്റിൽ മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇടപാടുകൾ നടത്താനാകും

ഈ വർഷം തന്നെ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി യാഥാർത്ഥ്യമാകുമെന്ന് നേരത്തെ ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചിരുന്നു. റിസർവ്വ് ബാങ്കിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ കറൻസിയാകും പുറത്തിറക്കുകയെന്നും മന്ത്രി അറിയിച്ചിരുന്നു.