തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങൾക്ക് വിവാദങ്ങളാണ് വേണ്ടതെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഏതെങ്കിലും സിപിഎം നേതാക്കൾക്കെതിരെയുള്ള ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊളിറ്റ് ബ്യൂറോയ്ക്ക് മുന്നിൽ ഒന്നും വന്നിട്ടില്ല. ആർക്കെതിരെയും പരാതി ലഭിച്ചിട്ടില്ല. കേരളവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തത് ഗവർണറുടെ നിയമവിരുദ്ധ ഇടപെടലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഎം നേതാക്കളാരും പങ്കെടുക്കില്ല. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ പരിപാടിയാണ്. അതിൽ സിപിഎം നേതാക്കൾ പങ്കെടുക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. സിപിഎം സ്വന്തമായ പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

