കൊച്ചി: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി 1737.04 കോടി രൂപനിക്ഷേപവും സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമെന്ന് വെളിപ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം. എന്നാല്‍, രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്താനാകില്ലെന്നും ദേവസ്വം വ്യക്തമാക്കി.
ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ദേവസ്വം ഇക്കാര്യം വെളിപ്പെടുത്തിയത്. രത്‌നം, സ്വര്‍ണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നല്‍കാത്തതിനാല്‍ ഹരിദാസ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, 2018-ലും 2019-ലും സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം ചൂണ്ടിക്കാട്ടി.

