കോവിഡ് പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ; ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് RTPCR നിർബന്ധമാക്കാൻ സാധ്യത

ന്യൂഡൽഹി: കോവിഡ് പ്രതിരോധം ശക്തമാക്കാൻ ഇന്ത്യ. അടുത്തയാഴ്ച മുതൽ ചൈനയിൽ നിന്നും മറ്റ് അഞ്ചിടങ്ങളിൽ നിന്നും വരുന്ന അന്താരാഷ്ട്ര യാത്രികർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ് കോങ്, തായ്ലൻഡ്, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ എയർ സുവിധ ഫോം പൂരിപ്പിക്കേണ്ടതും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകേണ്ടതും നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

അതേസമയം, ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയേക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വിദേശത്ത് നിന്നു രാജ്യത്തേക്ക് വരുന്നവരിൽ കോവിഡ് വർദ്ധിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.