സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ വാദിക്കാനെത്തിയ അഭിഭാഷകന് ഫീസിനത്തിൽ സർക്കാർ നൽകിയത് 1.20 കോടി

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വാദിക്കാനെത്തിയ അഭിഭാഷകന് ഫീസിനത്തിൽ സർക്കാർ നൽകിയത് 1.20 കോടി. സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ രജ്ഞിത് കുമാറാണ്. സർക്കാർ ഖജനാവിൽ നിന്നാണ് രഞ്ജിത്ത് കുമാറിന് ഇത്രയധികം തുക ഫീസിനത്തിൽ നൽകിയത്.

വിമാന ടിക്കറ്റിന് 3,02,969 രൂപയും ഹോട്ടൽ താമസത്തിന് 89,615 രൂപയും അഭിഭാഷകന് നൽകി. 1,23,92, 584 രൂപ വക്കീൽ ഫീസിനത്തിലും മറ്റും ചെലവഴിച്ചു. എന്നാൽ കേസിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സോളർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും റദ്ദാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

അപകീർത്തിപരമായ പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.