തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പങ്കെടുക്കാൻ എത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ മാസ്‌ക് നിർബന്ധമായി ധരിക്കണമെന്ന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാസ്‌കിന് പുറമെ എല്ലാവരും കൈയിൽ സാനിറ്റൈസർ കരുതണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്ത് കോവിഡ് കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
61 -ാം സ്‌കൂൾ കലോത്സവത്തിന് ജനുവരി 3ന് രാവിലെ 8.30ന് ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ജനുവരി 7ന് വൈകിട്ട് 4ന് സമാപന സമ്മേളനം നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജൻ സുവനീർ പ്രകാശനം നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
239 (ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാഗത്തിൽ 105, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19) ഇനങ്ങളിലായി 14,000 ത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും.
മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി 1000 രൂപ നൽകും. വിധികർത്താക്കളുടെ വിധി നിർണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ നടത്തിപ്പിനായി 21 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.