തിരുവനന്തപുരം: സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ച് വനംവകുപ്പ്. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ജനുവരി 7-ാം തീയതിക്കകം അറിയിക്കണം. കഴിഞ്ഞ ദിവസമാണ് ഇതിന്റെ കരട് പ്രസിദ്ധീകരിച്ചത്. വിദഗ്ധ സമിതി തന്നെ കരട് ഭൂപടത്തിൽ പിഴവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് സമിതി ഓൺലൈനായി യോഗം ചേരുകയും പിഴവുകൾ തിരുത്തികൊണ്ടുള്ള ഭൂപടം പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. പിന്നീടാണ് സർവേ നമ്പരുകൾ കൂടി ചേർത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. ബഫർസോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ നിയോഗിച്ച വിദഗ്ധസമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നേരത്തെ സർക്കാർ നീട്ടിയിരുന്നു.
2022 ഡിസംബർ വരെയായിരുന്നു നേരത്തെ സമിതിയുടെ കാലാവധി. ബഫർസോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷൻ. പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.

