ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ പര്യടനത്തിൽ ഭാഗമാകാൻ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ രംഗത്തുള്ള ഗുപ്കാർ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബാ മുഫ്തി തുടങ്ങിയ നേതാക്കൾ യാത്രയിൽ പങ്കുചേരും. ഇത് സന്തോഷകരമായ നിമിഷമാണെന്നും ബിജെപി ഒഴികെയുള്ള ജമ്മു കശ്മീരിലെ നേതാക്കളെല്ലാം യാത്രയിൽ പങ്കാളികളാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യാത്രയ്ക്ക് കശ്മീരിൽ അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച കെ സി വേണുഗോപാൽ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജനുവരി 22നാണ് യാത്ര കശ്മീരിൽ പ്രവേശിക്കേണ്ടത്. നിലവിൽ ഭാരത് ജോഡോ യാത്ര താത്ക്കാലിക ഇടവേളയിലാണ്. ജനുവരി മൂന്നിന് യാത്ര പുന:രാരംഭിക്കും.

