സോളാർ കേസ് ; മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയുമെന്ന് വി ഡി സതീശൻ

കൊച്ചി: സോളാർ കേസ് സിബിഐയ്ക്ക് വിട്ടത് വൈര്യനിര്യാതന ബുദ്ധിയോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീയിൽ കാച്ചിയ പൊന്നുപോലെ നേതാക്കൾ ഇപ്പോൾ പുറത്തുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം നടത്തിയിട്ട് ഒന്നും കണ്ടെത്താത്ത കേസാണ് സിബിഐക്ക് വിട്ടത്. സോളാർ കേസിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.

മുഖ്യമന്ത്രി പറഞ്ഞത് പരാതിക്കാരി ആവശ്യപ്പെട്ടത് കൊണ്ടാണ് കേസ് സിബിഐക്ക് വിട്ടതെന്നാണ്. മറ്റൊരു പരാതിക്കാരി വേറൊരു കേസ് സിബിഐക്ക് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അത് സിബിഐയ്ക്ക് വിടാത്തതെന്ന് വി ഡി സതീശൻ ചോദിച്ചു. സ്വർണ്ണ കൊട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ട്. സ്വർണ്ണം പൊട്ടിക്കൽ സംഘവുമായും ബന്ധമുണ്ട്. ഇതിന്റെ തെളിവാണ് ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ നേതാവ് ട്രോഫി സമ്മാനിച്ചതിലൂടെ ഇപ്പോൾ പുറത്തുവന്നത്. റിസോർട്ട് വിവാദത്തിൽ വസ്തുത പിണറായി പുറത്ത് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ഒളിപ്പിക്കുന്നത് എന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. നാട്ടിൽ നടത്തുന്ന അഴിമതി അന്വേഷിക്കണോ എന്ന് പാർട്ടി അല്ല തീരുമാനിക്കേണ്ടത്. ഇത് അഴിമതി കേസ് ആണ്. എകെജി സെന്ററിൽ ഒതുക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.