തദ്ദേശ സ്ഥാപനങ്ങളിൽ ഒബിസി സംവരണം ഉറപ്പാക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: തദ്ദേശ സ്ഥാപനങ്ങളിൽ ഒബിസി സംവരണം ഉറപ്പാക്കുമെന്ന് ഉറപ്പു നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സർവേ തിരഞ്ഞെടുപ്പിനു മുൻപ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സർവേയ്ക്കു മുൻപ് തിരഞ്ഞെടുപ്പ് നടത്തില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടെന്നു പുറത്തിറക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കും. സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ച് ഒബിസി സർവേ നടത്തുമെന്നും പിന്നോക്ക വിഭാഗ സംവരണം നടപ്പിലാക്കാതെ തിരഞ്ഞെടുപ്പ് നടത്തില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഒബിസി സംവരണം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒബിസി സംവരണം നൽകുന്നതു സംബന്ധിച്ച് ഉത്തർ പ്രദേശ് സർക്കാർ ഡിസംബർ 5ന് പുറപ്പെടുവിച്ച കരടു വിജ്ഞാപനം റദ്ദാക്കിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നടപടി. എത്രയും പെട്ടെന്നു വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.