റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ള രാജ്യമാണ് ഇന്ത്യ; യുക്രൈൻ പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്‌കി. റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ള രാജ്യമാണ് ഇന്ത്യയെന്ന് യുക്രൈയ്ൻ പ്രസിഡന്റ് വ്യക്തമാക്കി. വരും വർഷങ്ങളിൽ ആ ലക്ഷ്യത്തിനായി ഒന്നിച്ച് പ്രവർത്തിക്കാനാകട്ടെയെന്നും സെലൻസ്‌കി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഫോണിൽ സംസാരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജി-20 ഉച്ചക്കോടിയിൽ താൻ അവതരിപ്പിച്ച സമാധാന ഫോർമുല നടപ്പിലാക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനായി ഇരു രാജ്യങ്ങളും ശ്രമിക്കണമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. സമാധാനപരമായ നയതന്ത്ര ചർച്ചകളിലൂടെ നിലവിലെ സംഘർഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ജി – 20 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചതിനെ യുക്രൈൻ പ്രസിഡന്റ് പിന്തുണ അറിയിച്ചു. അടുത്ത വർഷം നടക്കുന്ന ജി-20 ഉച്ചകോടിയിൽ അധ്യക്ഷസ്ഥാനം വഹിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. അക്കാര്യത്തിൽ മോദിയെ വിളിച്ച് അഭിനന്ദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈൻ- റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സംഘർഷബാധിത പ്രദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും തങ്ങൾ തയ്യാറാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.