കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ല; കെ സുധാകരൻ

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറില്ലെന്ന് കെ സുധാകരൻ. അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റാനുള്ള നീക്കങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, പ്രസിഡന്റായുള്ള പ്രഖ്യാപനം വൈകുന്നതിൽ സുധാകരനും സുധാകരന്റെ ശൈലിയിൽ എതിർവിഭാഗങ്ങൾക്കും എതിർപ്പുണ്ടെന്നാണ് വിവരം.

അനാരോഗ്യം ഉന്നയിച്ച് സുധാകരനെ പാർട്ടി അദ്ധ്യക്ഷൻ സ്ഥാനത്ത് നിന്നും നീക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് സുധാകരന്റെ പരാമർശം. അനാരോഗ്യ പരാതി തള്ളാൻ സുധാകരൻ ജിമ്മിലെ വർക്കൗട്ട് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ അനുയായികൾ പുറത്തുവിട്ടിരുന്നു. മിക്ക സമയവും അനാരോഗ്യം കാരണം കെ സുധാകരൻ പാർട്ടിയിൽ സജീവമാകുന്നില്ലെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്. കെ സുധാകരൻ മുൻപ് നടത്തിയ ചില പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയിയെയും വെട്ടിലാക്കിയെന്നും പരാതി ഉയർന്നിട്ടുണ്ട്.

അതേസമയം, എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പ്രതികരണവുമായി സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇ പി ജയരാജനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇപി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു.