ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്‌സിന്‍; ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കാമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന് നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ വിലയെന്ന് റിപ്പോര്‍ട്ട്. ജനുവരി അവസാന വാരത്തിലാണ് വാക്‌സിന്‍ പുറത്തിറങ്ങുക. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം. വാക്‌സിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കുന്നതോടെ ഡോസിന് 325 രൂപ നിരക്കില്‍ ലഭ്യമാകും.

അതേസമയം, ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുക. 18 വയസ്സിനു മുകളിലുള്ള കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്‌സിന്‍ സ്വീകരിക്കാം. അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

ഭാരത് ബയോടെക്ക് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്‌സ്, റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.