ബീജിംഗ്: ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തായ്‌വാൻ. തങ്ങളുടെ രാജ്യത്തിന് ചുറ്റും 71 യുദ്ധ വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും നിരത്തിയെന്നാണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
യുഎസ് വാർഷിക പ്രതിരോധ ബില്ലിൽ തായ്‌വാന് പ്രധാന്യം നൽകിയതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ പ്രകോപനമെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് വിമാനങ്ങൾ തായ്‌വാൻ സമുദ്രാതിർത്തി മറികടന്നുവെന്നാണ് ആരോപണം.
47 ചൈനീസ് വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തായ്‌വാൻ കടലിടുക്കിന്റെ അനൗദ്യോഗിക അതിർത്തി കടന്നുപോയതായി തായ്‌വാൻ ആരോപിച്ചു. കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങൾ തായ്‌വാൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. തായ്‌വാന് ചുറ്റുമുള്ള സമുദ്രത്തിൽ ചൈനീസ് സേന സംയുക്ത യുദ്ധ പട്രോളിംഗും സംയുക്ത സ്ട്രൈക്ക് ഡ്രില്ലുകളും നടത്തുമെന്നും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ വക്താവ് ഷി യി വ്യക്തമാക്കിയിരുന്നു.

