കൊച്ചി: കൊച്ചിയിലേക്ക് രാസലഹരി മരുന്ന് ഒഴുകുന്നു. പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ് രാസ ലഹരി ഒഴുക്ക് വർദ്ധിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പോലീസ് കൊച്ചിയിൽ നിന്നും പിടിച്ചെടുത്തത്. ലഹരി ഒഴുക്ക് വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്.
അതേസമയം, ലഹരി ഉപയോഗം തടയാനായി ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പോലീസ് കർശന മാർഗരേഖ നൽകിയിട്ടുണ്ട്. പുതുവർഷ പാർട്ടിയിൽ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും വിവരങ്ങൾ മുൻകൂട്ടി നൽകണമെന്നും ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കണമെന്നുമാണ് നിർദ്ദേശം.
300 ഗ്രാം എംഡിഎംഎയാണ് ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റി പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം 910 എൻഡിപിഎസ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാൽ, 2,707 കേസുകൾ കൊച്ചി സിറ്റി പോലീസ് ഇത്തവണ രജിസ്റ്റർ ചെയ്യുകയും 3,214 പേർ അറസ്റ്റിലാകുകയും ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ ലഹരിമരുന്ന് ശേഖരിച്ചതിന് ആറു കേസുകൾ രജിസ്റ്റർ ചെയ്തു. 19 വയസ്സുകാരിയുൾപ്പെടെ 23 പേരാണ് ഈ കേസിലെ പ്രതിപ്പട്ടികയിലുള്ളത്. 293 ഗ്രാം എംഡിഎംഎയാണ് കഴിഞ്ഞ വർഷം ഈ കാലയളവിൽ പിടിച്ചെടുത്തത്. ഈ വർഷം ഒന്നേകാൽ കിലോയിലേറെ ലഹരി പിടികൂടി.

