ഉത്തരേന്ത്യ തണുത്തു വിറക്കുന്നു; പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുയാണ്. കശ്മീരില്‍ താപനില മൈനസ് 7ലെത്തി. ഡല്‍ഹിയിലെ ചില മേഖലകളില്‍ കഴിഞ്ഞ രാത്രിയും താപനില 3 ഡിഗ്രിയായിരുന്നു. ചണ്ഡീഗഡില്‍ 2.8 ഡിഗ്രിയും രാജസ്ഥാനിലെ ചുരുവില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

അതേസമയം, ഉത്തരേന്ത്യയിലെ ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കാമെന്നും മൂടല്‍മഞ്ഞും ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലിലെ ഡിപ്രഷന്‍ ശ്രീലങ്കക്ക് മുകളിലൂടെ നീങ്ങി ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദം ആയതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35-45 കിലോമീറ്ററായി. ന്യൂനമര്‍ദ്ദം അറബി കടലില്‍ എത്തുമെന്നാണ് സൂചന.

സിസ്റ്റം തെക്കന്‍ തമിഴ്നാട്ടിലേക്കും തെക്കന്‍ കേരളത്തിലേക്കും ഈര്‍പ്പ കാറ്റിനെ തള്ളി വിടുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ തുടങ്ങിയ മഴ നാളെയും തുടരും. കോമോറിന്‍, തെക്ക് കിഴക്ക് അറബികടല്‍, ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റ് ഉണ്ടായേക്കാം.