സംസ്ഥാനത്ത് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന സ്‌കൂള്‍ കലോത്സവത്തിന് വേദിയാവുന്നത് ഇത്തവണ കോഴിക്കോടാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട്ടേക്ക് എത്തുന്നത്.
2015ല്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണജോലികള്‍ നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കലോത്സവ വേദി എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജായിരുന്നു പ്രധാനവേദി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു അന്നത്തെ ഉദ്ഘാടകന്‍. ഏഴ് ദിവസമായി 14 വേദികളിലായി നടന്ന കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോട് ഉത്സവമാക്കി മാറ്റുകയായിരുന്നു. ഇഞ്ചോടിച്ചുള്ള പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം. ഒടുവില്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ ജയറാം ഇരുജില്ലകളെയും ചാംപ്യമന്‍മാരായി പ്രഖ്യാപിച്ചു.
അതേസമയം, ഇത്തവണയും കോഴിക്കോട്ടെ ഒരുക്കങ്ങള്‍ തകൃതിയാണ്. മുഖ്യവേദിയായ വിക്രം മൈതാനത്ത് പന്തല്‍ ഉയരുകയാണ്. അറുപതിനായിരം ചതുരശ്ര അടി വലിപ്പത്തില്‍, പതിനയ്യായിരം പേര്‍ക്ക് ഇരിപ്പിടമുള്ള കൂറ്റന്‍ പന്തലാണ് വിക്രം മൈതാനിയില്‍ ഉയരുന്നത്. 24 വേദികളിലും മികവുറ്റ സൗകര്യങ്ങള്‍. വേദികള്‍ കണ്ടുപിടിക്കാനും സഹായത്തിനും കോഴിക്കോട് സിറ്റി പൊലീസിന്റെ ക്യൂ ആര്‍ കോഡ്. ഹരിത ചട്ടം നടപ്പാക്കാന്‍ കോര്‍പറേഷനും രംഗത്തുണ്ട്. കലോത്സവത്തിന് രുചിവൈവിധ്യമൊരുക്കാന്‍ പഴയിടത്തിന്റെ പതിവ് സദ്യവട്ടം ഇക്കുറിയുമുണ്ട്. പതിനെട്ടായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടാകും.

