ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദം: സിപിഎമ്മിന്റെ ആഭ്യന്തര കാര്യമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി. ജയരാജന്റെ ആരോപണത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇക്കാര്യത്തിൽ ഒരു തരത്തിലും ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു പാർട്ടിയുടേയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന പതിവ് ലീഗിനില്ല. വിഷയം അവർ കൈകാര്യം ചെയ്യട്ടെയെന്നും അതാണ് അതിന്റെ ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ പറയേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഇ പി ജയരാജനെതിരെ ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം പി ജയരാജൻ ഉന്നയിച്ചത്. ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ആരോപണം.

സി പി എം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ഇക്കാര്യം ആരോപിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയതെന്നാണ് പി ജയരാൻ പറയുന്നത്. ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാൻ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. റിസോർട്ടിന്റെ ഡയറക്ടർമാർ ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ്. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജൻ വ്യക്തമാക്കി. ആരോപണം എഴുതി നൽകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.